കേരളത്തില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്നലെ ഡല്‍ഹിയില്‍ നടന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലെ പ്രസംഗത്തിലാണ് മോദി കേരളത്തിലെ നടപടി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാകണമെന്ന് ചൂണ്ടിക്കാട്ടിയത്. വയോജനങ്ങളുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട സില്‍വർ ഇക്കോണമി വ്യവസ്ഥയില്‍ നിർണായകമാണ് കേരളത്തില്‍ പ്രത്യേക വകുപ്പ് രൂപീകരിച്ച നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ കേരളത്തിലെ പുതിയ സർക്കാർ നടപ്പാക്കാൻ പോകുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിക്കവേ വയോജനങ്ങള്‍ക്കായി വകുപ്പ് രൂപീകരിച്ചത് സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് മോദിയുടെ അഭിനന്ദനം.
2047ലെ വികസിത ഇന്ത്യയ്‌ക്കായുള്ള മാനുഷിക സമഗ്ര വികസനം എന്ന ആശയവുമായി ബന്ധപ്പെട്ട് കേരളത്തിലെ തുറമുഖ വികസനം, എം.എസ്.എം.ഇ മേഖലയുടെ വെല്ലുവിളികള്‍, സാദ്ധ്യതകള്‍ തുടങ്ങിയവയും വി.ഡി.സതീശൻ വിശദീകരിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി. റവന്യു കമ്മി നേരിടാൻ ധനകാര്യ കമ്മിഷനില്‍ നിന്ന് ലഭിച്ചിരുന്ന സഹായം നിറുത്തലാക്കിയത് സംസ്ഥാനത്തിന് വൻ തിരിച്ചടിയാണ്. ഇതിന് ബദല്‍ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.