ദില്ലിയില്‍ വീണ്ടും തീപിടുത്തം, 3 പേര്‍ മരിച്ചു.

ദില്ലിയില്‍ വീണ്ടും തീപിടുത്തം ഉണ്ടായി. 3 പേർക്ക് ജീവൻ നഷ്ട്ടമായി. സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനില്‍ മധ്യം മാർഗ്ഗിലെ 'നയാ താര' അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.പുലർച്ചെ ഏകദേശം 2.30 നാണ് തീപിടുത്തമുണ്ടായതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്. പിന്നാലെ, പുലർച്ചെ 3.45 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഫയർ ഫോഴ്സിന് കഴിഞ്ഞു.

അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തില്‍ നിന്നും രക്ഷപെടുത്തി. ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടമാണിത്. ഓഖ്ല ഫയർ സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടർന്നത്. പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകള്‍, രണ്ട് മോട്ടോർ സൈക്കിളുകള്‍, ഒരു സൈക്കിള്‍ എന്നിവ പൂർണ്ണമായി കത്തിയമർന്നു. വാഹനങ്ങള്‍ കത്തിയതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിന്റെ ഗോവണികളിലൂടെയും മുകളിലത്തെ നിലകളിലേക്കും അതിവേഗം വ്യാപിച്ചു.ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കെട്ടിടം സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ ഒരു തെരുവിലായതിനാല്‍ ഫയർ എഞ്ചിനുകള്‍ക്ക് ഇവിടേക്ക് എത്തിച്ചേരുക പ്രയാസകരമായിരുന്നു. എങ്കിലും ദില്ലി ഫയർ സർവീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കനത്ത പുക കാരണം പുറത്തേക്ക് വരാൻ കഴിയാതിരുന്ന ചില താമസക്കാർ ടെറസിലേക്ക് ഓടിക്കയറിയിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ അവിടെയുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെയടക്കം രക്ഷപെടുത്തി.

ഫയർ ഫോഴ്സ് ജീവനക്കാർ കെട്ടിടത്തില്‍ നിന്ന് ആറ് പേരെ നേരിട്ട് രക്ഷപെടുത്തി. പരിക്കേറ്റ എട്ടോളം പേരെ ആംബുലൻസുകളുടെ സഹായത്തോടെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് 4.00 മണിയോടെ അഗ്നിശമന പ്രവർത്തനങ്ങള്‍ പൂർത്തിയായതായി അറിയിപ്പ് വന്നു. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടുത്തത്തിന് പിന്നിലെന്ന് കണ്ടെത്താൻ ദില്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Previous Post Next Post