കോട്ടയം :ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം മങ്കര കുളത്തില്‍ വീണു പതിനാലുകാരന്‍ ഗോഡ്വിന്‍ സുനില്‍ എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍.ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണു കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. കളിക്കുന്നതിനായി ഇറങ്ങിയതായിരുന്നു. 6 മണിയോടെയാണു ഗോഡ്വിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടി കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെങ്കിലും ഇതു സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ പരിസരവാസികള്‍ ഉന്നയിക്കുന്നുണ്ട്.
റോഡില്‍ നിന്നും നോക്കിയാല്‍ കുളത്തിനകത്തേയ്ക്കു കാണാനാകില്ല. റോഡ് നിരപ്പില്‍ നിന്നും പടവ് ഇറങ്ങിയാണു വെള്ളത്തിലേക്ക് ഇറങ്ങാനാവുക. നഗ്‌നമായ നിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടത്.കുട്ടിയ്ക്കു നീന്തലും അറിയില്ല. വസ്ത്രങ്ങള്‍ പൂര്‍ണമായും അഴിച്ചു വെള്ളത്തിലിറങ്ങാനുള്ള സാധ്യതയില്ലെന്നു നാട്ടുകാര്‍ പറയുന്നു. ചെരിപ്പ് പടവില്‍ അടുക്കിവച്ച നിലയിലായിരുന്നു.
വെള്ളത്തില്‍ നിന്നും പുറത്തെടുത്തു വയറില്‍ അമര്‍ത്തിയെങ്കിലും കാര്യമായരീതിയില്‍ വെള്ളം പുറത്തുവന്നില്ലെന്നും പറയുന്നു.
കുളത്തിനു സമീപം ലഹരി ഉപയോഗിക്കുന്നസംഘം സജീവമാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡിലൂടെ പോകുമ്പോള്‍ നോക്കിയാല്‍ കാണാനാവാത്ത വിധം സൈഡിലേക്ക് മാറിയിരിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.
ഇത്തരത്തില്‍ മദ്യവും മറ്റു ലഹരികളും ഉപയോഗിക്കുന്നവര്‍ ഇവിടെയെത്താറുണ്ട്. മദ്യക്കുപ്പികളും മുട്ടത്തോടുമെല്ലാം കുളക്കരയില്‍ കൂടിക്കിടപ്പുണ്ട്.
കുട്ടി ഇവിടെയെത്തിയപ്പോള്‍ ഇത്തരം സംഘം ഇവിടെയുണ്ടായിരുന്നോ എന്നതും വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു പോലീസ് ഇതിന് പിന്നിലെ സംശയം അകറ്റണമെന്നാണു പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
പോലീസ് ഇന്നു സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ഗോഡ്വിന്‍ സുനിലിന്റെ സംസ്‌കാരം അന്തീനാട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്നു.