സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആറിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) റെയ്ഡ്. കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികളിലും കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രിയിലും അവയവക്കടത്തിലെ ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലുമാണ് ഇ ഡി പരിശോധന നടത്തുന്നത്.
അവയവക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിലാണ് പരിശോധന. കേസില്‍ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതില്‍നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചതില്‍നിന്നുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്.
പരിശോധന നടക്കുന്ന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവയവക്കടത്ത് കേസിലെ സൂത്രധാരന്മാരില്‍ ഒരാളെന്നു വിശ്വസിക്കപ്പെടുന്ന നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൻതോതില്‍ പണം എത്തിയിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍നിന്ന് നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കു വലിയ തുക കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഈ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പിടിച്ചെടുക്കാനാണ് റെയ്ഡ്.
അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നില്‍ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പോലീസ് സംഘം നജീബ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.