വിവാഹദിനത്തിലെ ഹെലികോപ്റ്റര്‍ അപകടം: വരനും പൈലറ്റും മരിച്ചു.

മുവാറ്റുപുഴ :യുഎസിലെ ജോർജിയയില്‍ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയില്‍ ഫിജി ജോർജ് - ഫേബ ദന്പതികളുടെ മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകള്‍ ജെസ്നി (25) യാണ് പരിക്കേറ്റ വധു. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തില്‍ മരിച്ച മറ്റൊരാള്‍.

ജോർജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ എട്ടിന്) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്.

അപകടത്തെക്കുറിച്ച്‌ യുഎസിലെ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
Previous Post Next Post