തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയില്‍ ബിജെപി കൗണ്‍സിലർമാർക്കെതിരെ കേസ്. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലർമാര്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ബിജെപി കൗണ്‍സിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയല്‍ കട രതീഷ് എന്നിവർക്കെതിരെയാണ് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവരാണ് പരാതി നല്‍കിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗണ്‍സിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസില്‍ പരാതി നല്‍കിയേക്കും.

ഇന്നലെ തിരുവനന്തപുരം നഗരസഭ കൗണ്‍സിലില്‍ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്‍റെ രാജിക്കായുള്ള യുഡിഎഫ്-എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകള്‍ പാസായെന്ന് മേയർ പ്രഖ്യാപിച്ച്‌ കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മില്‍ ഏറ്റുമുട്ടി. കാപ്പാ കേസില്‍ ജയിലിലുള്ള ആർ സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗണ്‍സിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫ് പരാതി. എന്നാല്‍ രജിസ്റ്ററില്‍ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു.
Previous Post Next Post