സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസമാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്നലെ അര്‍ദ്ധരാത്രിയില്‍ നീണ്ടകര പാലത്തിന്റെ തൂണുകള്‍ ബന്ധിപ്പിച്ച് ചങ്ങല സ്ഥാപിച്ച് താഴിട്ടു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ പക്കല്‍ സൂക്ഷിച്ചിരുന്ന ചങ്ങലയും പൂട്ടുമാണ് തൂണുകള്‍ ചേര്‍ത്ത് ബന്ധിപ്പിച്ചത്. സംസ്ഥാനത്ത് കൊല്ലത്ത് മാത്രമാണ് ട്രോളിങ് നിരോധനത്തിന് ഇത്തരത്തില്‍ ചങ്ങല കെട്ടി താഴിട്ടുപൂട്ടുന്നത്.
പ്രജനനം സുഗമമാക്കുക വഴി മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മണ്‍സൂണ്‍ കാലത്തെ ട്രോളിങ് നിരോധനം. ഇക്കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ വിലക്കുണ്ട്. രണ്ട് വള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പെയര്‍ ട്രോളിങ്ങും കര്‍ശനമായി നിരോധിച്ചു. ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും. ഇതരസംസ്ഥാന ബോട്ടുകള്‍ക്ക് തീരത്ത് വിലക്കുണ്ട്.
നിരോധനകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവുണ്ട്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി ഇവര്‍ക്ക് മീന്‍ പിടിക്കാം.
നിരോധനം ലംഘിക്കുന്നവര്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരും. അതേസമയം സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്കേര്‍പ്പെടുത്തി. പ്രജനനത്തിനായി നദികളില്‍ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിര്‍ദേശം. പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളില്‍ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതരുടെ വാദം. മതിയായ വളര്‍ച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. അനധികൃതമായി മീന്‍ പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പരിശോധന ശക്തമാക്കിയെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.