തൊള്ളായിരംചിറ കള്ളുഷാപ്പ്: സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഫുഡ് വ്ലോഗർമാരുടെ ഇഷ്ടയിടം. പക്ഷേ വൃത്തിയുടെ കാര്യത്തില്‍ അതിദയനീയം.


സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് തൊള്ളായിരംചിറ കള്ളുഷാപ്പ്. കള്ളിനെക്കാള്‍ ഭക്ഷണത്തിന് പ്രശസ്തി.

ഒഴുക്കു നിലച്ച്‌ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് ഷാപ്പില്‍ പാത്രങ്ങള്‍ കഴുകാൻ ഉപയോഗിക്കുന്നതെന്ന് ഇന്നലെ ഷാപ്പില്‍ പരിശോധന നടത്തിയ എക്സൈസ്, ഭക്ഷ്യ സുരക്ഷ, പോലീസ് അധികൃതർക്കു ബോധ്യപ്പെട്ടു.

അയ്മനം പഞ്ചായത്തിലെ തൊള്ളായിരം പാടശേഖരത്തിലാണ് ഷാപ്പ്. ഒരുവശത്ത് പാടശേഖരവും മറുവശത്ത് തോടും. മലിനജലം കെട്ടിക്കിടക്കുന്ന തീർത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. തോട്ടിലെ വെള്ളം തീർത്തും മലിനമാണ്.

ശനിയാഴ്ചയാണ് കുമരകത്തുനിന്നുള്ള സംഘം ഷാപ്പില്‍ എത്തിയതും കള്ളും ഭക്ഷണവും കഴിച്ചതും. അവധി ദിവസമായതിനാല്‍ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ചയും ഇവിടെ വൻ തിരക്കായിരുന്നു. ഇന്നലെ ഷാപ്പ് അടഞ്ഞുകിടന്നു.

ഷാപ്പില്നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച കുമരകം സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ പരിപ്പ് തൊള്ളായിരം ചിറ കള്ളുഷാപ്പില് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഇന്നലെ രാവിലെ 11നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമീഷണര് എ. എ. അനസിന്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിലെത്തിയത്.

കുമരകം സ്വദേശി ജ്യോതിഷിന്റെ മരണം അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്ന് സൂചന. യുവാവിനു ഭക്ഷ്യവിഷബാധ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച്‌ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ എന്തുകൊണ്ടുള്ള അണുബാധയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് കോട്ടയം വെസ്റ്റ് പോലീസ് അധികൃതർ സൂചിപ്പിച്ചു. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേർക്ക് രോഗ ലക്ഷണങ്ങളില്ല.

Previous Post Next Post