ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നീക്കം; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന, സിസിടിവിയും സന്ദര്‍ശക രജിസ്റ്ററും ശേഖരിച്ചു

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസില്‍ എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന നടത്തി.

സന്ദർശക രജിസ്റ്റർ എസ്‌ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു. എഡിജിപി ഓഫീസില്‍ വച്ച്‌ കേസ് രേഖകള്‍ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫീസില്‍ പരിശോധിച്ചത്. ഒരു അന്വേഷണത്തിൻ്റെ ഭാഗമായി എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന ആദ്യമായാണ് നടക്കുന്നത്.

അതേസമയം, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീലില്‍ പ്രതികളുടെ വിശദീകരണം തേടി ഹൈക്കോടതി. ഈമാസം 27 നകം മറുപടി നല്‍കാൻ കോടതി നിർദ്ദേശിച്ചു. പിണറായി വിജയന്‍റെ ഗണ്‍മാൻമാരായ അനില്‍ കല്ലിയൂർ, സന്ദീപ് അടക്കമുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാണ് എസ്‌ഐടി ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തിയടക്കം കണ്ടെത്തിയെന്ന് നിരീക്ഷിച്ചാണ് ആലപ്പുഴ പ്രിൻസിപ്പല്‍ സെഷൻസ് ജ‍ഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യം നല്‍കിയത്. എന്നാല്‍ മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തിയെന്ന നിരീക്ഷണം തെറ്റാണെന്നും അന്വേഷണം തുടരുന്ന ഘട്ടത്തില്‍ മുൻകൂർ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കുമെന്നുമാണ് എസ്‌ഐടി വാദം.
Previous Post Next Post