കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം 2027 ഓഗസ്റ്റ് മാസം ഔദ്യോഗികമായി കമ്മീഷൻ ചെയ്യാൻ പദ്ധതിയിട്ടു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎല്‍).
അടുത്ത വർഷം ജൂണോടെ നിർമാണപ്രവൃത്തികള്‍ പൂർത്തിയാക്കാനാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഡിസംബറില്‍ രണ്ടാംഘട്ടം കമ്മീഷൻ ചെയ്യാനായിരുന്നു കെഎംആർഎല്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിർമാണപ്രവൃത്തിയില്‍ കാലതാമസം നേരിട്ടതോടെ ആണ് ഒരുവർഷത്തിലധികം സമയം കൂടി കെഎംആർഎല്ലിന് വേണ്ടിവന്നത്.
കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്കാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നീളുന്നത്. പദ്ധതിക്കായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കില്‍നിന്ന് 1116 കോടി രൂപ വായ്പ എടുക്കാനുള്ള സർക്കാർ അനുമതിയില്‍ കാലതാമസം ഉണ്ടായതായാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണം. കൂടാതെ, നിർമാണപ്രവൃത്തികള്‍ക്കിടെ നേരിട്ട വെല്ലുവിളികളും പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണമായി.