ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖർ ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും.റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പ് ഉടൻ നടപടി സ്വീകരിക്കും. എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണത്തില്‍ ഡിജിപി തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൻ്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. എഡിജിപി എം.ആർ അജിത് കുമാറിന്റെ ഇടപെടലിനെ കുറിച്ച് ഉദ്യോഗസ്ഥരുടെ മൊഴികളും റിപ്പോർട്ടിലുണ്ട്. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനാണ് സാധ്യത.
കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് ഡയറി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തിരുത്തല്‍ വരുത്തിയതുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ എം.ആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ നല്‍കിയിരിക്കുന്ന മൊഴിയുണ്ട്. ഇതാണ് അജിത് കുമാറിനെ കുരുക്കിലാക്കുന്നത്.
ഉദ്യോഗസ്ഥർക്കെതിരെ നടപടി റിപ്പോർട്ടില്‍ ശിപാർശ ചെയ്തിട്ടില്ല. റിപ്പോർട്ട് ഡിജിപി റവാഡാ ചന്ദ്രശേഖർ വിശദമായി പരിശോധിക്കുകയാണ്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അജിത് കുമാറിന്റെ ഇടപെടലില്‍ കൂടുതല്‍ പരിശോധന നടത്തിയേക്കും . ഈ റിപ്പോർട്ട് ലഭിച്ചശേഷം മാത്രം നടപടിയിലേക്ക് കടക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ ഗണ്‍മാൻ അനില്‍കുമാർ ഉള്‍പ്പെടെയുള്ളവരെ മർദ്ദിച്ച സംഭവത്തില്‍ ഗണ്‍മാൻ അനില്‍കുമാർ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എസ്‌ഐടി.