ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം; സര്‍ക്കാര്‍ നടപടി ശരിവച്ച്‌ ഹൈക്കോടതി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (ഡിഎച്ച്‌എസ്) സ്ഥാനത്തു നിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത് ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സ്ഥലംമാറ്റ വിഷയം ട്രൈബ്യൂണല്‍ പരിഗണിച്ചു തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയ ഡോ. വി.മീനാക്ഷി 13ന് തന്നെ ചുമതലയേറ്റുവെന്നതും പരിഗണിച്ചാണു കോടതി നടപടി.

ഫലത്തില്‍, ട്രൈബ്യൂണല്‍ ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഡോ. റീനയുടെ സ്ഥലംമാറ്റം നടപ്പാവും. റീനയ്ക്ക് പകരം നിയമിക്കപ്പെട്ടയാള്‍ ജൂണ്‍ 13ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അധികച്ചുമതല ഏറ്റെടുത്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നു കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍, ഈ മാസം 18ന് ട്രൈബ്യൂണല്‍ ഇടക്കാല സ്റ്റേ അനുവദിച്ചത് ഗുരുതരമായ പിഴവാണെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ടു മാസക്കാലത്തേക്ക് ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടറായി തുടരാന്‍ അനുവദിച്ചതു വഴി, ഡിഎച്ച്‌എസ് തസ്തികയുടെ അധിക ചുമതല വഹിച്ചിരുന്ന ഡോ. മീനാക്ഷിയെ ഫലത്തില്‍ മാറ്റുകയാണ് ട്രൈബ്യൂണല്‍ ചെയ്തത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോ. റീനയുടെ അപേക്ഷ ട്രൈബ്യൂണലിന്റെ മുന്‍പാകെ വരുന്നതിനു മുന്‍പു തന്നെ ഡോ. മീനാക്ഷിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ഇടക്കാല സ്റ്റേ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

രണ്ടാം കക്ഷിയായ ഡോ. മീനാക്ഷിക്ക് നോട്ടിസ് അയക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. സ്ഥലംമാറ്റ വിഷയത്തില്‍ ട്രൈബ്യൂണലിന് മുന്‍പാകെയുള്ള ഡോ. റീനയുടെ ഹര്‍ജി പരിഗണിച്ചു തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചു. ഡോ. റീനയെ ഡി.എച്ച്‌.എസ് സ്ഥാനത്തുനിന്നും മാറ്റി എറണാകുളം റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ചുമതലയിലേക്ക് നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരുന്നു. പകര്‍ച്ചവ്യാധി വ്യാപിക്കുന്ന സമയത്ത് ഡയറക്ടര്‍ 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ആദ്യം സ്ഥലംമാറ്റ ഉത്തരവിറക്കിയത്. എന്നാല്‍, താന്‍ രണ്ടര ദിവസത്തെ അവധി മാത്രമാണ് ആവശ്യപ്പെട്ടതെന്നും സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും കാണിച്ച്‌ ഡോ. റീന രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഉത്തരവ് തിരുത്തുകയും ഭരണപരമായ സാധാരണ സ്ഥലംമാറ്റം മാത്രമാണിതെന്ന് വിശദീകരിക്കുകയും ചെയ്തു.
Previous Post Next Post