പശ്ചിമേഷ്യയെ മാസങ്ങളോളം യുദ്ധഭീതിയിലാഴ്ത്തിയ സൈനിക നീക്കങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെച്ചു.
ജി 7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി വേഴ്സായ് കൊട്ടാരത്തില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് യു എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കരാർ യാഥാർത്ഥ്യമായതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖാഈയും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഇസ്ലാമാബാദ് ധാരണാപത്രം' എന്ന് അറിയപ്പെടുന്ന ഈ കരാർ നേരത്തെ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചിരുന്നു.
മൂന്ന് മാസത്തിലേറെയായി തുടരുന്ന മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സമാധാന കരാർ. എല്ലാ മേഖലകളിലും ഉടനടിയും ശാശ്വതമായും സൈനിക നടപടികള്‍ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും കരാറിലൂടെ സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്റാഈലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. യുദ്ധം തുടങ്ങി ഏകദേശം 110 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നിർണ്ണായക സമാധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ലെബനാനിലെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതും ഈ സമാധാന പാക്കേജിന്റെ ഭാഗമാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ഈ ചർച്ചകളില്‍ നിർണ്ണായക മധ്യസ്ഥത വഹിച്ചിരുന്നു.