തൃശൂർ :കുക്കറില്‍ കഞ്ചാവ് ഒളിപ്പിച്ച 40കാരൻ അറസ്റ്റില്‍. കുന്നംകുളം അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇയാളുടെ കെെയില്‍ നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. പിന്നാലെ പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഇതിനിടെ അടുക്കളയില്‍ നിന്നും കുക്കർ വിസിലടിച്ചു. പിന്നാലെ കഞ്ചാവിന്റെ മണം ലഭിച്ച പൊലീസ് അടുക്കളയിലെത്തി. കുക്കർ പരിശോധിച്ചപ്പോള്‍ അടുപ്പില്‍ തിളച്ചിരുന്ന ചോറില്‍ നിന്നും കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു. മുൻപ് എക്സെെസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും എതിരെ കത്തിവീശിയ സംഭവത്തിലെ പ്രതിയാണ് ബിനീഷ്.
അതേസമയം, ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാനില്‍ ഇതുവരെ 728കേസുകളിലായി 795പേർ അറസ്റ്റിലായി. 626 ഗ്രാം എം.ഡി.എം.എ, 48.14കിലോ കഞ്ചാവ്, 136ഗ്രാം ഹാഷിഷ് ഓയില്‍ 480കഞ്ചാവ് ബീഡി എന്നിവയും പിടിച്ചെടുത്തു. കോപ്ട നിയമപ്രകാരം 115കേസുകളും എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം 469കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ 84 പൊലീസ് സബ്ഡിവിഷനുകളിലും 16അംഗങ്ങളുള്ള നാലുവീതം സംഘങ്ങളെ നിയോഗിച്ചു.