യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയശേഷം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായ കാര്യമാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയെന്നത്.
ജൂണ്‍ 15 മുതല്‍ നടപ്പാക്കാനിരിക്കുന്ന ഈ പദ്ധതി തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഓര്‍ഡിനറി ബസ്സില്‍ സാമ്പത്തിക വേര്‍തിരിവില്ലാതെയായിരിക്കും സൗജന്യമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര വേണോയെന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം. വമ്പന്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ടീച്ചേര്‍സിനും എന്തിന് സൗജന്യ യാത്ര. പാവങ്ങളുടെ പണമെടുത്ത് പണക്കാര്‍ക്ക് സൗജന്യം നല്‍കുന്നത് ശരിയാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നു.
സ്ത്രീകളുടെ സുരക്ഷിതമായ യാത്ര, വിദ്യാഭ്യാസം, ജോലി, ആരോഗ്യം തുടങ്ങിയവയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ പോസിറ്റീവ് ആണെന്ന് ചില പഠനങ്ങള്‍ പറയുന്നു. സ്ത്രീകളുടെ യാത്രാ നിരക്ക് വര്‍ധിച്ചു, കുടുംബ ചെലവ് കുറഞ്ഞു. കേരളത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം ആദ്യ 100 ദിവസം പരീക്ഷണമായി നടപ്പാക്കി പിന്നീട് വിപുലീകരിക്കാനാണ് തീരുമാനം. വാര്‍ഷിക നഷ്ടം 700-1300 കോടി രൂപയോളം വരുമെന്നാണ് കണക്കുകള്‍. സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് സബ്സിഡി നല്‍കും.