പാലാ നഗരസഭയില്‍ യുഡിഎഫിലെ പോര് മുറുകുന്നു. ചെയർപേഴ്സണ്‍ ദിയ പുളിക്കക്കണ്ടത്തിലിനോടുള്ള വിശ്വാസം നഷ്ടമായെന്ന് ആറ് യുഡിഎഫ് കൗണ്‍സിലർമാർ പറഞ്ഞു.കൗണ്‍സിലർമാർ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. അതേസമയം, പ്രശ്നത്തില്‍ മാണി സി.കാപ്പൻ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചർച്ച തുടങ്ങി.
കഴിഞ്ഞ ആറ് മാസക്കാലമായി സ്വതന്ത്രമുന്നണി കൂട്ടായ്മയില്‍ നിന്നുണ്ടായ സംഭവങ്ങള്‍ കോണ്‍ഗ്രസ് പാർട്ടിക്കും കൗണ്‍സിലർമാർക്കും വളരെ അപമാനമുണ്ടാക്കിയിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലർമാരുടെ കത്ത്. യുഡിഎഫ് ഭരണമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുകള്‍ക്കോ യാതൊരു വിധ റോളുകളും ഇല്ലെന്ന് കത്തില്‍ പറയുന്നു. സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎല്‍എ ജയിക്കുന്നതിന് വേണ്ടിയും യാതൊരുവിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യുഡിഎഫ് നേതാക്കള്‍ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ മോഷണം, പിന്നാലെയുള്ള കള്ളക്കേസ് എന്നിവ തങ്ങളെ അപമാനിക്കുന്നതിന് കാരണമായെന്നും കത്തിലുണ്ട്.
കോണ്‍ഗ്രസ് കൗണ്‍സിലറായ ബിജു മാത്യൂസ് ചെയർപേഴ്സന്‍റെ മുറിയില്‍ അതിക്രമിച്ച് കയറി വാച്ചും നിർണായക ഫയലും മോഷ്ടിച്ചതായി ദിയാ ബിനു പരാതിപ്പെട്ടതിന് പിന്നാലെയാണ് ഏറ്റവുമൊടുവിലത്തെ തർക്കത്തിന് തുടക്കമായത്. താനോ സെക്രട്ടറിയോ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് അനുമതിയില്ലാതെ മുറി തുറന്ന് ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ഫയല്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നെന്നാണ് ചെയർപേഴ്സന്‍റെ ആരോപണം. ഫയലിനുള്ളില്‍ തന്‍റെ ഒരു വാച്ചും ഉണ്ടായിരുന്നെന്ന് അവർ പരാതിപ്പെട്ടിരുന്നു. തന്‍റെ ഭരണത്തില്‍ പിഴവുകള്‍ വരുത്തി നഗരസഭയെ ഇകഴ്ത്തിക്കാണിക്കാനാണ് ബിജു മാത്യൂസ് ശ്രമിക്കുന്നതെന്നും തുടക്കം മുതല്‍ ഇയാള്‍ ഭരണസമിതിക്കെതിരെയാണ് നിലകൊള്ളുന്നതെന്നും ദിയ കുറ്റപ്പെടുത്തുകയുണ്ടായി. പിന്നാലെയാണ് കൗണ്‍സിലർമാരുടെ പ്രതിഷേധനീക്കം. അതേസമയം, പ്രശ്നം മാണി സി.കാപ്പന്‍റെ നേതൃത്വത്തില്‍ പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.