സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി. പോലീസ് ആസ്ഥാനം മുതല്‍ ജില്ലാ പോലീസ് മേധാവിമാരുടെ തലത്തില്‍ വരെ വൻ മാറ്റങ്ങളാണ് പുതിയ ഉത്തരവിലുള്ളത്.
ശക്തമായ ക്രമസമാധാനപാലനം ലക്ഷ്യമിട്ടുള്ള മാറ്റങ്ങളില്‍ ഏറ്റവും വലിയ കോളടിച്ചത് പി. വിജയനാണ്. നിലവില്‍ ഇന്റലിജൻസ് മേധാവിയായിരുന്ന അദ്ദേഹത്തെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പൂർണ്ണമായ അധിക ചുമതലയും ഇനി വിജയനാണ്.
അതേസമയം, സംസ്ഥാനത്തെ അതീവ പ്രാധാന്യമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ താക്കോല്‍സ്ഥാനം പണിയറിയാവുന്ന ദിനേന്ദ്ര കശ്യപിന്റെ കൈകളിലെത്തി. കേന്ദ്ര ഇന്റലിജൻസിലെ ദീർഘകാലത്തെ പ്രവൃത്തിപരിചയം കണക്കിലെടുത്താണ് സായുധ പോലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന ദിനേന്ദ്ര കശ്യപിനെ പുതിയ ഇന്റലിജൻസ് മേധാവിയായി നിയമിച്ചത്. നിലവിലെ ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായയെ സായുധ പോലീസ് ബറ്റാലിയൻ എഡിജിപിയായി മാറ്റി. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്താണ് പുതിയ ജയില്‍ മേധാവി. ക്രൈംബ്രാഞ്ചില്‍ അഡീഷണല്‍ ചുമതലയിലുണ്ടായിരുന്ന എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ്ണ ചുമതല നല്‍കി.
വടക്കൻ കേരളത്തില്‍ ക്രമസമാധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോടിനെ വിറപ്പിക്കാൻ ഷൗക്കത്തലി എ.പി. എത്തും. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലിയെ പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറലിലേക്ക് മാറ്റിയിട്ടുണ്ട്.
നഗരങ്ങളിലെ സുരക്ഷാ ചുമതലകളിലും ക്രൈംബ്രാഞ്ചിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിനായി നാല് പുതിയ താല്ക്കാലിക തസ്തികകളും സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ഹർഷിത അത്തല്ലൂരിയെ പോലീസ് ആസ്ഥാനത്തെ ഐജിയായും, ഇന്റലിജൻസ് ഐജിയായിരുന്ന എസ്. ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഐജിയായും നിയമിച്ചു. പോലീസ് ആസ്ഥാനത്തെ ഐജിയായിരുന്ന ആർ. നിശാന്തിനിയാണ് പുതിയ ഇന്റലിജൻസ് ഐജി.
കണ്ണൂർ റേഞ്ച് ഡിഐജിയായിരുന്ന യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ചിലേക്കും, എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുള്‍ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും മാറ്റി. തിരുവനന്തപുരം സിറ്റി കമ്മീഷണറായിരുന്ന കാർത്തിക് കെ. തൃശൂർ റേഞ്ച് ഡിഐജിയാകുമ്പോള്‍, തൃശൂർ റേഞ്ചിലുണ്ടായിരുന്ന നാരായണൻ ടി. കണ്ണൂർ റേഞ്ച് ഡിഐജിയാകും.
വിഷ്ണു പ്രതീപ് ടി.കെ. ആലപ്പുഴയിലും, സാബു മാത്യു കെ.എം. കോട്ടയത്തും, ഡോ. നസീം എ. ഇടുക്കിയിലും പുതിയ പോലീസ് മേധാവിമാരാകും. അബ്ദുല്‍ റഷീദ് എ. പാലക്കാടും, എസ്. ദേവ മനോഹർ വയനാടും, മുഹമ്മദ് നദീമുദ്ദീൻ തൃശ്ശൂർ റൂറലിലും, ഉമേഷ് ഗോയല്‍ കണ്ണൂർ റൂറലിലും, നിധിൻരാജ് പി. കാസർഗോഡും ജില്ലാ പോലീസ് തലപ്പത്തെത്തും. ബി.വി. വിജയ ഭാരത് റെഡ്ഡിയാണ് പുതിയ കണ്ണൂർ കമ്മീഷണർ. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായിരുന്ന മോഹനാചന്ദ്രൻ നായരെ കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്പിയായും മാറ്റിയിട്ടുണ്ട്.