പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതിന് പിന്നാലെ കൂട്ട നടപടി, സിബിഎസ്‌ഇ ചെയര്‍മാനെയടക്കം നീക്കി;

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാല പിന്നാലെ കൂട്ട നടപടിയുമായി കേന്ദ്രസർക്കാർ.

ചെയർമാൻ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സി ബി എസ് ഇയുടെ പുതിയ ചെയർമാനായി എല്‍ പി സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുണ്‍ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിയമനങ്ങള്‍. വിവാദത്തെത്തുടർന്ന് സി ബി എസ് ഇ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ രാഹുല്‍ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റി. കൃഷി, കർഷക ക്ഷേമ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായാണ് രാഹുല്‍ സിങ്ങിന്റെ പുതിയ നിയമനം. പരീക്ഷാ പുനർമൂല്യനിർണയത്തിലും കംപ്യൂട്ടർ അധിഷ്ഠിത ഓണ്‍ സ്ക്രീൻ മാർക്കിംഗ് രീതിയിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷം വലിയ തോതില്‍ വിമർശനം അഴിച്ചുവിട്ടതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടതും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായതും.

അന്വേഷണ സമിതിയെയും നിയോഗിച്ചു

ഇതിനൊപ്പം തന്നെ സി ബി എസ് ഇ പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് അന്വേഷണസമിതിയും നിയോഗിച്ചിട്ടുണ്ട്. എസ് രാധ ചൗഹാൻ ആണ് ആഭ്യന്തര അന്വേഷണസമിതി ചുമതല. നിലവില്‍ കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷൻ ചെയർപേഴ്സണ്‍ ആയി പ്രവർത്തിക്കുകയായിരുന്നു. കമ്പ്യൂട്ടർ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന സ്വകാര്യ കമ്പനിക്കെതിരെയും ഓണ്‍ സ്ക്രീൻ മാർക്കിംഗ് സേവനങ്ങളിലെ വീഴ്ചകളെക്കുറിച്ചും നിലവില്‍ പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും സുതാര്യത ഉറപ്പാക്കുന്നതിനും സി ബി എസ് ഇയുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിനും വേണ്ടിയാണ് പുതിയ ഉദ്യോഗസ്ഥരെ അടിയന്തരമായി ചുമതല ഏല്‍പ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
Previous Post Next Post