പണപ്പെരുപ്പ ഭീതിയില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.14,320 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 600 രൂപയുടെ കുറവുണ്ടായി. 1,14,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഇറാനും യുഎസും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തമാകുന്നതാണ് സ്വര്‍ണവില ഇടിവിനുള്ള പ്രധാനകാരണം.
കഴിഞ്ഞ മാസം 13ന് സ്വര്‍ണവില 1,23,120 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് സ്വര്‍ണവില ഇടിയുകയായിരുന്നു. 20 ദിവസത്തിനുള്ളില്‍ ഏകദേശം 8,560 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. എണ്ണവില വര്‍ധനവ് മൂലം പണപ്പെരുപ്പം ഉയരുമെന്ന ഭീതിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു.ബ്രെന്റ് ക്രൂഡോയിലിന്റെ വില 1.70 ശതമാനം ഉയര്‍ന്ന് 92.82 ഡോളറായി.
ആഗോളവിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4506.49 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തിയതിന് ശേഷമാണ് സ്‌പോട്ട് ഗോള്‍ഡ് വില ഇടിഞ്ഞത്. മെയ് മാസത്തില്‍ മാത്രം രണ്ട് ശതമാനം ഇടിവ് സ്വര്‍ണത്തിനുണ്ടായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും 1.2 ശതമാനം ഇടിവുണ്ടായി.