ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചതോടെ ഇനി 47 വർഷം ജയിലില്‍ കഴിയേണ്ടിവരും.
ഒപ്പം എഴുപത്തിഒമ്പതിനായിരം രൂപ പിഴയും ചുമത്തി തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ആദ്യ രണ്ടു കേസിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നതിനാല്‍ പ്രതി തുടർച്ചയായി ജയിലില്‍ കഴിയേണ്ടിവരും.
2018ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്‍ററില്‍ പരിശീലനത്തിനായി എത്തുന്നത്. ആദ്യ കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടുത്തെ നെറ്റ്‌സിലും ജിമ്മിലേക്കും വിവിധ ശുചിമുറികളിലേക്കും മറ്റും കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്നചിത്രവും പ്രതി പകർത്തി. കുട്ടിയുടെ വീട്ടിലുള്ള നെറ്റ്‌സില്‍ വെച്ചും പീഡനം നടന്നു. സ്വകാര്യ കോച്ചിങ് എന്ന് പറഞ്ഞാണ് കുട്ടിയെ ഗ്രൗണ്ടില്‍നിന്ന് കെട്ടിടത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ആരും ഇല്ലാത്ത സമയം നോക്കി പ്രതി പീഡനം നടത്തിയിരുന്നത്.
2021ല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയന്ന് വെളിയില്‍ പറഞ്ഞില്ല. പീഡനത്തില്‍ മനംനൊന്ത് കുട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. 2024 മാർച്ച് 28ന് തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റില്‍ പങ്കടുക്കാൻ എത്തിയ അതിജീവിത വർഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് മാനസികാസ്വാസ്ഥ്യം ഉണ്ടാവുകയും ഭയന്ന് ബഹളം വെക്കുകയും ചെയ്തു. ഇത് കണ്ട കൂടെയുള്ളവർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികള്‍ക്കും കേസ് നല്‍കാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂർത്തിയായി, മൂന്നു കേസുകളില്‍ ശിക്ഷ വിധിച്ചു. കുറ്റക്കാരനായി കണ്ടെത്തിയ നാലാമത്തെ കേസില്‍ തിങ്കളാഴ്ച വിധി പറയും. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ സുരഭി പി, രവിശങ്കർ തമ്പി എച്ച് എന്നിവർ ഹാജരായി. കണ്ടോണ്‍മെന്റ് പൊലീസ് ഇൻസ്പെക്ടർ ജയകൃഷ്ണൻ എസ്, പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർ വിഷ്ണു സജീവ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.