വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ സ്വകാര്യ ജീവിതത്തെ തകർത്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയില്‍ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബക്കോടതി.
എറണാകുളം മരട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണായക ഉത്തരവ്.
മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഹർജി നല്‍കിയ 2018 ജൂലൈ മുതല്‍ ആറ് ശതമാനം പലിശയും ഇതിനോടൊപ്പം നല്‍കണം. വിവാഹസമയത്ത് വരന്റെ കുടുംബം നല്‍കിയ 32 ഗ്രാം സ്വർണ്ണാഭരണങ്ങള്‍ അല്ലെങ്കില്‍ അതിന്റെ നിലവിലെ വിപണിമൂല്യം ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നല്‍കണം.
യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവർക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും വിവാഹജീവിതം തകരാൻ കാരണമായെന്ന് കോടതി കണ്ടെത്തി. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.