വിമാനത്താവളത്തിലെ ദേഹപരിശോധനയ്ക്കിടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം. വിശദമായ പരിശോധനയില്‍ കണ്ടെത്തിയത് മാരക വിഷമുള്ള 150 ഓളം തേളുകള്‍..


വിമാനത്താവളത്തിലെ ദേഹപരിശോധനയ്ക്കിടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം. വിശദമായ പരിശോധനയില്‍ കണ്ടെത്തിയത് മാരക വിഷമുള്ള 150 ഓളം തേളുകള്‍.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ വിമാനത്താവളത്തിലാണ് വസ്ത്രങ്ങള്‍ക്കിടയിലും ലഗേജുകളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 150 ഓളം വിഷമേറിയ ജീവനുള്ള തേളുകളുമായി 28 കാരനായ യുവാവ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് ഈ യുവാവിനെ പൊലീസ് വിമാനത്താവളത്തില്‍ വെച്ച്‌ പിടികൂടിയത്.

പ്രതിയുടെ വിവരങ്ങള്‍ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതിനാല്‍ ഇയാളെ എളുപ്പത്തില്‍ കണ്ടെത്താൻ കഴിഞ്ഞതായാണ് പൊലീസ് അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകളില്‍ പ്രത്യേകമായി പൊതിഞ്ഞ നിലയിലായിരുന്നു ഈ തേളുകളെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഇവയെ ഏത് രാജ്യത്തേക്കാണ് കടത്താൻ ശ്രമിച്ചതെന്ന കാര്യം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത തേളുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് കൈമാറിയിരിക്കുകയാണ്. കൂടാതെ ഇവയുടെ അന്താരാഷ്ട്ര വിപണിയിലെ മൂല്യം എത്രയെന്ന് അധികൃതർ കണക്കാക്കി വരികയാണ്.

Previous Post Next Post