സ്വര്‍ണ വില തകര്‍ന്നടിഞ്ഞു; 10 ദിവസത്തിനിടെ കുറഞ്ഞത് 59,300 രൂപ വരെ.

ഇന്ത്യയില്‍ സ്വർണവില തുടർച്ചയായ പത്താം ദിവസവും താഴ്ന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയ വിലയിടിവോടെ കഴിഞ്ഞ 10 ദിവസത്തിനിടെ 24 കാരറ്റ് സ്വർണത്തിന് 100 ഗ്രാമിന് ഏകദേശം 59,300 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.അടുത്തിടെ റെക്കോർഡ് ഉയരങ്ങളിലെത്തിയ സ്വർണം ഇപ്പോള്‍ തിരുത്തലിന്റെ പാതയിലാണ്.

തിങ്കളാഴ്ച മാത്രം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 104 രൂപയും 22 കാരറ്റിന് 95 രൂപയും കുറഞ്ഞു. രാജ്യത്തെ സ്വർണവിപണിയില്‍ സമീപകാലത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവുകളിലൊന്നാണിത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

അമേരിക്കയില്‍ പുറത്തുവന്ന തൊഴില്‍ കണക്കുകളാണ് സ്വർണവിലയെ പ്രധാനമായും ബാധിച്ചത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നിലയിലാണെന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്. ഇതോടെ ഫെഡറല്‍ റിസർവ് ഉടൻ പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തല്‍ ശക്തമായി. പലിശനിരക്കുകള്‍ ഉയർന്ന നിലയില്‍ തുടരുമ്പോള്‍ സ്വർണം പോലുള്ള ആസ്തികളിലേക്കുള്ള നിക്ഷേപകരുടെ താല്‍പര്യം കുറയുകയും കൂടുതല്‍ വരുമാനം നല്‍കുന്ന നിക്ഷേപ മാർഗങ്ങളിലേക്ക് പണം ഒഴുകുകയും ചെയ്യുന്നു.

ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. മേഖലയില്‍ തുടരുന്ന സംഘർഷം ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് സ്വർണത്തിന് പിന്തുണ നല്‍കുന്നില്ലെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ആഗോള ബുള്ളിയൻ വിപണിയില്‍ വില്‍പ്പന സമ്മർദം ശക്തമായതും വിലയെ താഴേക്ക് വലിക്കുകയാണ്.
Previous Post Next Post