മുൻ മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗണ്മാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അതീവ നിർണ്ണായക നീക്കവുമായി പുതിയ യു.ഡി.എഫ് സർക്കാർ.
വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ മർദ്ദനക്കേസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു.(Gunmen assault case, New UDF Government Orders Re Investigation Against Pinarayi Vijayan Gunmen)
എസ്.പി ഷൗക്കത്തലിയുടെ നേരിട്ടുള്ള നേതൃത്വത്തിലായിരിക്കും ഇനി അന്വേഷണം നടക്കുക. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തിന് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച സംഭവമാണിത്. കറുത്ത കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാൻമാരായ അനില്‍ കുമാറും സന്ദീപ് എസും ചേർന്ന് ക്രൂരമായി ലാത്തികൊണ്ട് മർദ്ദിക്കുകയായിരുന്നു.
ഇതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് അവർ ചെയ്തത് എന്നതായിരുന്നു ന്യായീകരണം. കോടതിയുടെ ശക്തമായ നിർദ്ദേശത്തെത്തുടർന്നാണ് ഒടുവില്‍ ഗണ്‍മാൻമാർക്കെതിരെ പോലീസിന് കേസെടുക്കേണ്ടി വന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് സതീശൻ സർക്കാരിന്റെ അടിയന്തര തീരുമാനം.