തുടരെ രണ്ട് മത്സരങ്ങളില്‍ ഡക്കായ വിരാട് കോലി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സെഞ്ചുറിയുമായി തിരിച്ചുവന്നു.തുടരെ നാലു മത്സരങ്ങള്‍ ജയിച്ച കോല്‍ക്കത്തയുടെ കുതിപ്പിന് തടയിട്ടതോടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാമത്.
ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണെടുത്തത്. ആർസിബി 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 60 പന്തില്‍ 11 ഫോറും മൂന്ന് സിക്സും സഹിതം 105 റണ്‍സെടുത്ത കോലി പുറത്താകാതെ നിന്നു. കോലിയുടെ വണ്‍മാൻ ഷോ കണ്ട ഇന്നിങ്സില്‍, 39 റണ്‍സെടുത്ത ദേവദത്ത് പടിക്കലാണ് ആർസിബിയുടെ രണ്ടാമത്തെ ഉയർന്ന സ്കോറർ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കോല്‍ക്കത്തയെ അംഗ്കൃഷ് രഘുവംശിയും റിങ്കു സിങ്ങും ചേർന്നാണ് മോശമല്ലാത്ത സ്കോറിലെത്തിച്ചത്. 46 പന്തില്‍ 7 ബൗണ്ടറിയും 3 സിക്സും അടക്കം 71 റണ്‍സെടുത്ത രഘുവംശി ഇന്നിങ്സിന്‍റെ അവസാന പന്തില്‍ റണ്ണൗട്ടയപ്പോള്‍, റിങ്കു 29 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കാമറൂണ്‍ ഗ്രീൻ (24 പന്തില്‍ 32) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ആർസിബിക്കു വേണ്ടി ഭുവനേശ്വർ കുമാർ, ജോഷ് ഹേസല്‍വുഡ്, രസിഖ് സലാം ധർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
കോല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഫിൻ അലനും (18) ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെയും നല്‍കിയത്. ആദ‍്യ രണ്ട് ഓവർ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സുണ്ടായിരുന്നു ടീമിന്. ആദ‍്യ ഓവർ ഭുവനേശ്വർ അതിഗംഭീരമായി പന്തെറിഞ്ഞപ്പോള്‍ ജേക്കബ് ഡഫിയെ ഫിൻ അലൻ ബൗണ്ടറിയും സിക്സും പറത്തി 14 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഫിൻ അലന്‍റെ മിന്നല്‍ വെടിക്കെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല.
ഭുവനേശ്വർ കുമാറിന്‍റെ രണ്ടാം ഓവറില്‍ വിക്കറ്റ് നല്‍കി മടങ്ങി. എന്നാല്‍ ഡഫി എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്ത് രഹാനെ റണ്‍സ് ഉയർത്തി. ഒടുവില്‍ ജോഷ് ഹേസല്‍വുഡ് വേണ്ടി വന്നു രഹാനെയെ പുറത്താക്കാൻ. 19 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ‍്യം. പവർപ്ലേ പൂർത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലായിരുന്നു ടീം.