ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം ജയം.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. 33 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയുടെ ഇന്നിംഗ്സാണ് മുംബൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 10 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന വില്‍ ജാക്സും 23 പന്തില്‍ 48 റണ്‍സടിച്ച റിയാന്‍ റിക്കിള്‍ടണും മുംബൈ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
അവസാന മൂന്നോവറില്‍ 50 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സേവിയര്‍ ബാർട്‌ലെറ്റ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ വില്‍ ജാക്സ് സിക്സ് പറത്തിയപ്പോള്‍ നാലും അഞ്ചും പന്തുകള്‍ സിക്സിന് തൂക്കി തിലക് മുംബൈയെ ജയത്തിലെത്തിച്ചു. ആദ്യ ആറ് മത്സരങ്ങള്‍ ജയിച്ചശേഷം പഞ്ചാബ് തുടര്‍ച്ചയായി വഴങ്ങുന്ന അഞ്ചാം തോല്‍വിയാണിത്. തോറ്റെങ്കിലും 13 പോയിന്‍റുള്ള പഞ്ചാബ് തന്നെയാണ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായ മുംബൈ 12 കളികളില്‍ 8 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 200-8, മുംബൈ ഇന്ത്യൻസ് 19.5 ഓവറില്‍ 205-4.