തൃശൂര്‍ വാണിയമ്പാറ ദേശീയ പാതയില്‍ ആംബുലന്‍സില്‍ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. രോഗിയുണ്ടെന്ന ധാരണ പരത്തി ബീക്കണ്‍ ലൈറ്റിട്ട ആംബുലന്‍സിലായിരുന്നു രാസലഹരിക്കടത്ത്.
ബംഗലൂരുവില്‍ നിന്നും തൃശൂരിലേക്ക് രാസലഹരിയുമായി വന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കല്‍ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചശേഷമുള്ള ആദ്യത്തെ രാസലഹരി വേട്ടയാണ് തൃശൂരിലേത്. ബംഗലൂരുവില്‍ നിന്ന് ആംബുലന്‍സില്‍ കടത്തുകയായിരുന്ന 280 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷന്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖിന്‍റെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് സംഘം പിടികൂടിയത്. ആംബുലന്‍സില്‍ രാസലഹരി കടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘാംഗങ്ങള്‍ ദേശീയ പാതയില്‍ കാത്തുനിന്നത്. ബീക്കണ്‍ ലൈറ്റിട്ടെത്തിയ ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ അതില്‍ രോഗി ഉണ്ടായിരുന്നില്ല. തൃശൂര്‍ വെട്ടിക്കല്‍ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. രോഗിയില്ലാതെ ബീക്കണ്‍ ലൈറ്റിട്ട് എങ്ങോട്ട് പോകുന്നു എന്ന പൊലീസുകാരുടെ ചോദ്യത്തിന് ബംഗലൂരുവില്‍ മൃതദേഹം എത്തിച്ചു മടങ്ങും വഴിയെന്ന് മറുപടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടി വന്നതോടെ പൊലീസ് ആംബുലന്‍സ് അരിച്ചു പെറുക്കി. ഡ്രൈവര്‍ സീറ്റിന് മുകളിലത്തെ ഡൈറ്റിനുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചുവച്ചത്.