നെടുമങ്ങാട് :ജില്ലാ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ രോഗിയുടെ കാലില്‍നിന്ന് മരക്കഷ്ണം പുറത്തെടുത്തു. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനില്‍ മധു (57)വിന്റെ കാലില്‍ നിന്നാണ് മരക്കഷ്ണം പുറത്തെടുത്തത്.കഴിഞ്ഞ മാർച്ച് 21ന് മരത്തില്‍നിന്ന് വീണതിനെതുടർന്ന് മധു മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയിരുന്നു. ഇവിടെ പത്തിലധികം തുന്നലിട്ട ശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് വിട്ടു. അടുത്തുള്ള ആശുപത്രിയില്‍ എത്തി ഡ്രസിംഗ് ചെയ്യണമെന്ന് നിർദേശിച്ച് മൂന്ന് ദിവസം പാലോട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ശേഷം വീട്ടില്‍ വിട്ടു. തുടർന്ന് മധു വീട്ടിന് അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി ഡ്രസിംഗ് ചെയ്തു.
വീണ്ടും മുറിവില്‍ നിന്ന് പഴുപ്പ് വന്നതിനെതുടർന്ന് ഓർത്തോ വിഭാഗത്തില്‍ കാണിക്കാൻ ഡോക്ടർ അറിയിച്ചതോടെയാണ് നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സതേടിയത്. കഴിഞ്ഞ 14ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തി. തുടർന്ന് അസ്ഥിരോഗ വിദഗ്ധൻ വി.എസ്. അജിത് കുമാർ ശസ്ത്രക്രിയ നടത്തി രോഗിയുടെ കാലില്‍നിന്ന് മരകഷണം പുറത്തെടുക്കുകയായിരിന്നു. മെഡിക്കല്‍ കോളജില്‍ലെ ചികിത്സ പിഴവ് പരിഹരിക്കപ്പെട്ടത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. വി.എസ്. അജിത് കുമാറിലൂടെയാണ്.