ബെംഗളൂരു: വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ ആത്മീയതയും സേവന മനോഭാവവും സാമൂഹിക പങ്കാളിത്തവും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ്റെ 45-ാം വാർഷികാഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന ചടങ്ങിൽ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനൊപ്പം അദ്ദേഹം പങ്കുചേർന്നു.
ബെംഗളൂരുവിനെ ആഗോള സാങ്കേതിക കേന്ദ്രമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നഗരം ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ ബോധത്തെ ഉയർത്തിപ്പിടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, യുവജന ശാക്തീകരണം, ആന്തരിക സമാധാനം എന്നിവയിലൂടെ വികസിത ഭാരതം കെട്ടിപ്പടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
കാമ്പസിൽ പുതുതായി നിർമിച്ച ധ്യാന ഹാൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വരും തലമുറകൾക്ക് സമാധാനത്തിൻ്റെയും രോഗശാന്തിയുടെയും കേന്ദ്രമായി ഇത് മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഗോത്ര ശാക്തീകരണ സംരംഭങ്ങളും തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഉൾപ്പെടെയുള്ള ക്ഷേമാധിഷ്ഠിത പരിപാടികളിലൂടെ ആ തത്വം സാക്ഷാത്കരിച്ചതിന് ആർട്ട് ഓഫ് ലിവിങ്ങിനെ അദ്ദേഹം പ്രശംസിച്ചു. രാഷ്ട്രനിർമാണത്തിൽ രാഷ്ട്രീയ സംവിധാനങ്ങളേക്കാൾ വലിയ ശക്തി സാമൂഹിക പങ്കാളിത്തത്തിനാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് വിജയിച്ച 'സ്വച്ഛ് ഭാരത്' ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇന്ത്യയിലെ ആത്മീയ പ്രസ്ഥാനം മനുഷ്യരാശിയെ സേവിക്കുന്നതിൽ ഊന്നൽ നൽകുന്നു. രാഷ്ട്രീയ സംവിധാനങ്ങളേക്കാൾ ശക്തമാണ് സാമൂഹിക പങ്കാളിത്തം. രാഷ്ട്രനിർമ്മാണത്തിന് അത് അത്യന്താപേക്ഷിതമാണ്," പ്രധാനമന്ത്രി പറഞ്ഞു