ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയില്‍ കെഎസ്‌ആർടിസി ബസും വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.ഇന്ന് (ഞായർ, മെയ് 10, 2026) ഉച്ചയോടെയായിരുന്നു അപകടം. വാഗമണ്ണില്‍ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസുമായി ട്രാവലർ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തകർന്ന ട്രാവലറിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്‌സും പോലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഏഴുപേരെയും ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് നിയന്ത്രണം വിട്ട് ബസിലിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെത്തുടർന്ന് വാഗമണ്‍ റോഡില്‍ ദീർഘനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് ഇടപെട്ട് വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരുടെ നില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.