മധ്യപ്രദേശിലെ ജബല്‍പൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം.
തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബല്‍പൂർ കളക്ടർ ഔദ്യോഗികമായി അറിയിച്ചു.
പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബല്‍പൂർ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.