തലയോലപ്പറമ്പ് :സ്കൂള്‍ അധ്യാപകന്റെ അവസരോചിതമായ ഇടപെടല്‍ മൂലം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ഒന്നര വയസ്സുകാരിക്ക് ജീവന്‍ തിരിച്ചുകിട്ടി.ഇന്നലെ രാവിലെ 9 മണിയോടെ തലയോലപ്പറമ്പ് വടയാറിലാണ് സംഭവം നടന്നത്.
വീട്ടുമുറ്റത്ത് കിണറിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി മോട്ടര്‍ തറയില്‍ ചവിട്ടി കിണറിന്റെ സംരക്ഷണ ഭിത്തിയുടെ മുകളില്‍ കയറുകയായിരുന്നു. കിണറിന് മുകളില്‍ ഇട്ടിരുന്ന വലയില്‍ ചവിട്ടിയതോടെ കാല്‍വഴുതി കുട്ടി കിണറ്റില്‍ വീണു.
സംഭവം കണ്ട കുട്ടിയുടെ അമ്മയും മുത്തശിയും നിലവിളിക്കുന്നത് കേട്ട് അയല്‍വാസിയും തൃക്കാക്കര കാര്‍ഡിനല്‍ ഹൈസ്‌കൂളിലെ അധ്യാപകനുമായ ചെറുതോട്ടുപുറത്തു വീട്ടില്‍ ബെന്നി ജോര്‍ജും കുടുംബവും ഉടന്‍ ഓടിയെത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ ആഴമേറിയ കിണറിന്റെ അടിത്തട്ടില്‍ ഇറങ്ങി ബെന്നി കുട്ടിയെ വെള്ളത്തിന് മുകളില്‍ എത്തിച്ചു.
തോളില്‍ കമഴ്‌ത്തി കിടത്തിയതോടെ ഉള്ളില്‍ ഉണ്ടായിരുന്ന വെള്ളം കുട്ടി ഛര്‍ദിച്ചു.
തുടര്‍ന്ന് ബെന്നിയും മകന്‍ ബെന്‍വിനും ചേര്‍ന്ന് കരയില്‍ എത്തിച്ച കുട്ടിയെ മുട്ടുചിറ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ബെന്നിയുടെ ഭാര്യ ഷിനു മൂക്കില്‍ അകപ്പെട്ട വെള്ളം വായ കൊണ്ട് വലിച്ചു പുറംതള്ളിയ ശേഷം പൊതിയിലെ സ്വകാര്യ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ തേടിയ കുട്ടി സുഖം പ്രാപിച്ചു. തക്ക സമയത്ത് രക്ഷകനായി എത്തിയ അധ്യാപകനായ ബെന്നിയെ നാട്ടുകാരും അയല്‍ക്കാരും അഭിനന്ദിച്ചു.