ടിവികെയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ, തമിഴ്നാട്ടില്‍ അധികാരത്തിലേറാനൊരുങ്ങി വിജയ്, നാളെ സത്യപ്രതിജ്ഞ.

തമിഴ്നാട്ടില്‍ അധികാരത്തിലേറാൻ ഒരുങ്ങി തമിഴക വെട്രി കഴകം. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.ടിവികെയ്ക്ക് പിന്തുണ നല്‍കാൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലായത്. രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. കോണ്‍ഗ്രസ് പിന്തുണച്ചാലും കേവല ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകള്‍ കൂടി ആവശ്യമായതിനാല്‍ പുറത്തുനിന്ന് പിന്തുണ നല്‍കാൻ സാധ്യതയുള്ള പാർട്ടികളെ കൂടി ടിവികെ പരിഗണിക്കുന്നുണ്ട്.ടിവികെയിലെ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ്റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെയില്‍ നിന്ന് എംഎല്‍എമാരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്നലെ എഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തില്‍ നിയുക്ത എംഎല്‍മാരുടെ യോഗം ചേർന്നിരുന്നു. ടിവികെ വിഷയം യോഗത്തില്‍ ചർച്ചയായില്ലെന്നാണ് നിയുക്ത എംഎല്‍എമാർ പ്രതികരിച്ചത്.

സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെയും മുന്നണികളുടെ കണക്കുകൂട്ടലുകളെയും കാറ്റില്‍ പറത്തിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയർന്നു വന്നത്.നേരത്തെ, കോണ്‍ഗ്രസിന്റെ പിന്തുണ തേടി ടിവികെയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചുവെന്നാണ് വിവരം.
Previous Post Next Post