മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം.പാലായില്‍ വന്ന് വി ഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും വാക്ക് പാലിക്കണം. ടീം യുഡിഎഫിന്റെ ഭാഗമാണ് താനെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സീറോ മലങ്കര സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമ്മിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.
മാണി സി കാപ്പന്‍ അങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, കൊടി വച്ച വണ്ടിയിലായിരിക്കും തിരിച്ചു വരികയെന്ന് വിഡി സതീശന്‍ തെന്നെ പ്രസംഗിച്ചിരുന്നല്ലോ. കണ്‍വെന്‍ഷന് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും അത് തന്നെ പറഞ്ഞു. രണ്ടുപേരും വാക്ക് പാലിക്കണം - അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാനാണ് നിലവിലെ തീരുമാനം. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ല. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് നീക്കം. ആദ്യം ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ.