മൂന്നാം തുടർ ഭരണം തേടി തെരഞ്ഞെടുപ്പ് നേരിട്ട പിണറായി സർക്കാർ വലിയ തിരിച്ചടിയാണ് നേരിട്ടത്. 102 സീറ്റ് നേടി യു ഡി എഫ് 10 വർഷങ്ങള്‍ക്കിപ്പുറം അധികാരത്തിലേറിയപ്പോള്‍ എല്‍ ഡി എഫ് കേവലം 35 ലേക്ക് ഒതുങ്ങി. സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിറച്ച് ജയിച്ചപ്പോള്‍ മത്സരിച്ച 20 മന്ത്രിമാരില്‍ 13 പേരും തോറ്റ ചരിത്രം കൂടി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനുണ്ട്. കാലങ്ങളായി കൈവശം വച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും ഇടത് നേതാക്കള്‍ക്ക് കാലിറടറിയതും കോട്ട കൊത്തളങ്ങള്‍ തകർന്ന് വീഴുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. പത്ത് വർഷത്തെ ഭരണ മികവ്. മന്ത്രിമാരും എം എല്‍ എമാരും കളത്തില്‍. ജയിച്ച് കയറാൻ ഇനിയെന്ത് വേണമെന്ന ആത്മവിശ്വാസത്തിന്‍റെ കടക്കലാണ് ജനം കത്തിവച്ചത്. കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായി തുടർന്ന പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിന് കാലിടറിയത് ജ്യോതികുമാർ ചാമക്കാലക്ക് മുന്നില്‍. ആറന്മുളയിലെ വോട്ടെണ്ണുമ്പോള്‍ ഒരു റൌണ്ടില്‍ പോലും ആധിപത്യം ഉണ്ടായിരുന്നില്ല വീണ ജോർജ്ജിന്. അവിടെ അബിൻവർക്കി നേടിയത് അസാമാന്യജയം. ഏറ്റുമാനൂരില്‍ വി എൻ വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റവാങ്ങിയത് വമ്പൻ പരാജയങ്ങളാണ്. ഇരിങ്ങാലക്കുടയില്‍ മന്ത്രി ആർ ബിന്ദു തോറ്റു. കടുത്ത മത്സരം അതിവീജിക്കുമെന്ന വിശ്വസിച്ചിരുന്ന പി രാജീവിനും ഒടുവില്‍ കളമശ്ശേരിയില്‍ കാലിടറി. കഴിഞ്ഞ തവണ തിരിച്ച് പിടിച്ച തൃത്താലയില്‍ എം ബി രാജേഷിന് ഇക്കുറി വിടി ബല്‍റാമിന് മുന്നില്‍ അടിതെറ്റി. മണ്ഡലം മാറി മത്സരിച്ച വി അബ്ദുഹ്മാൻ തിരൂരില്‍ പരാജയപ്പെട്ടു. എക്കാലവും എൻ സി പിക്കൊപ്പം നിന്ന ഇടത് കോട്ടയായ എലത്തൂരില്‍ എ കെ ശശീന്ദ്രൻ ഏറ്റുവാങ്ങിയതും കനത്ത തോല്‍വി. മാനന്തവാടിയില്‍ ഒ ആർ കേളു കണ്ണൂർ കോട്ടയില്‍ കടന്നപ്പള്ളി എന്നിവരും തോറ്റമ്പി. ധർമ്മടത്ത് തോറ്റതിനൊക്കുമേ എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയിച്ച് കയറിയത്. കൊട്ടാരക്കരയില്‍ കെ എൻ ബാലഗോപാല്‍ കഷ്ടിച്ച് കടന്ന് കൂടി. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ജയിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ സജി ചെറിയാനും ആശ്വാസമായി. ഒല്ലൂരില്‍ കെ രാജനും ചേർത്തലയില്‍ പി പ്രസാദും നെടുമങ്ങാട്ട് ജിആർ അനിലും മികച്ച വിജയം നേടി.
വിസ്മയം കൈ പിടിച്ച് കേരളം
Malayala Shabdam News
0