ഇറാന്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഇന്നലെ ഉയര്‍ന്ന സ്വര്‍ണം ഇന്ന് താഴ്ചയിലായി. സംസ്ഥാനത്ത് ഗ്രാം വില 45 രൂപ ഇടിഞ്ഞ് 14,565 രൂപയിലെത്തി.പവന്‍ വില 360 രൂപ താഴ്ന്ന് 1,16,520 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,965 രൂപയിലാണ് ഇന്ന് വ്യാപാരം. 14 കാരറ്റിന് ഗ്രാമിന് 9,320 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,010 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 280 രൂപയില്‍ തുടരുന്നു. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,545.27 ഡോളറിലാണ് വ്യാപാരം.
യുഎസ് -ഇറാന്‍ സമാധാന കരാര്‍ ചര്‍ച്ച നടക്കുന്നതിനിടെ യുഎസ് നാവികയാനത്തിനു നേരേ വെടിവയ്പ് ഉണ്ടായതിനെ തുടര്‍ന്നു ദക്ഷിണ ഇറാനിലെ കടലില്‍ ഇറാന്റെ നിരവധി സ്പീഡ് ബോട്ടുകള്‍ക്കും മിസൈല്‍ വിക്ഷേപിണികള്‍ക്കും നേരേ യുഎസ് വ്യോമാക്രമണം നടത്തി. നിരവധി ഇറാന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. ഇത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയും ഡോളറും ഉയര്‍ന്നു.
ഇത് പണപ്പെരുപ്പ ഭീഷണിയും പലിശനിരക്ക് വര്‍ധനവിനുള്ള സാധ്യതയും വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് സ്വര്‍ണത്തില്‍ ലാഭമെടുപ്പ് നടന്നതാണ് വിലയെ ബാധിച്ചത്.