പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടില്‍ എംഎസ് അനീഷിന്റെ മകന്‍ എംഎ അതുല്‍ (19) ആണ് മരിച്ചത്.പുഴയിലെ പാറപ്പുറത്ത് നില്‍ക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.
പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജ് ബിസിഎ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അതുല്‍. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. പുതുപ്പാടി മുളവര്‍ കവലയ്ക്ക് സമീപം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവില്‍ കുളിക്കാനെത്തിയ ആറംഗ സംഘത്തിലൊരാളായിരുന്നു അതുല്‍. കാല്‍ വഴുതി വെള്ളത്തില്‍ വീണ അതുലിനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കോതമംഗലത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തി തിരച്ചില്‍ നടത്തി. അതുല്‍ തെന്നി വീണ സ്ഥലത്ത് നിന്ന് 50 മീറ്റര്‍ മാറിയാണ് അതുലിനെ കണ്ടെത്തിയത്. ഉടന്‍ മുങ്ങിയെടുത്ത് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: കെ സുധ. സഹോദരി: ആതിര. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.