പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മരിച്ചു. ചന്ദ്രൻ, അംബിക ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ചന്ദ്രൻ്റെ മൃതദേഹം വീടിന് പുറത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
മകൻ ഗുരുതരാവസ്ഥയില്‍
പിതാവിൻ്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകന് പരിക്കേറ്റതെന്നാണ് സൂചന. മകൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മദ്യപാനവും കുടുംബകലഹവും
സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സമാനമായ രീതിയില്‍ പുലർച്ചെ ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപിതനായി വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കരുതുന്നു.
കുടുംബപ്രശ്നങ്ങളാണ് ഈ അക്രമത്തിലേക്കും തുടർന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.