മുഖ്യമന്ത്രിയുടെ യാത്രകള്ക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി സതീശന്. യാത്രയില് കൂടുതല് സുരക്ഷ വേണ്ട.പൈലറ്റും എസ്കോര്റ്റും ഒഴികെ മറ്റ് വാഹനങ്ങള് വേണ്ടെന്നാണ് നിര്ദേശം നല്കിയത്. മുഖ്യമന്ത്രിയുടെ യാത്രയെ ചൊല്ലി ജനങ്ങള്ക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്നും അദ്ദേഹം അറിയിച്ചു. ഡി.ജി.പിക്ക് നേരിട്ടാണ് സതീശന് നിര്ദ്ദേശം നല്കിയത്.
യാത്ര പോകുമ്പോള് നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. എന്നാല് സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില് ഒതുക്കാനാവില്ലെന്നും എസ്കോര്ട്ട് വാഹനം കൂടി അകമ്പടിക്കായി ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.
കിയ കാര്ണിവല് ഉള്പ്പെടെയുള്ള ആഡംബര വാഹനങ്ങളും മൂന്ന് ഇന്നോവ ക്രിസ്റ്റകളും ആംബുലന്സും സ്ട്രൈക്കര് ഫോഴ്സും അടങ്ങുന്ന വലിയൊരു നിരയായിരുന്നു മുന് മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി സേവിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യപ്രകാരമാണ് അഡ്വാന്സ് പൈലറ്റ് സംവിധാനം ഉള്പ്പെടെ ഒരുക്കിയിരുന്നത്.