യദു ഫോണില്‍ സംസാരിച്ചതിന് തെളിവില്ല, വിവരാവകാശ രേഖ പുറത്ത്; 'പുറത്താക്കിയത് ആര്യരാജേന്ദ്രനുമായുള്ള പ്രശ്നം കാരണം'

മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്‌ആർടിസി ഡ്രൈവർ യദുകൃഷ്ണൻ.തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം മുൻ മേയർ ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതുകൊണ്ടല്ലെന്നും ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചതിനാലാണെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞിരുന്നത്. എന്നാല്‍ കെഎസ്‌ആർടിസിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വച്ച്‌ മുൻ മന്ത്രിയുടെ വാദം പൊളിക്കുകയാണ് യദു.

യദു കെഎസ്‌ആർടിസിയില്‍ താല്‍ക്കാലിക ഡ്രൈവർ ആയിരുന്നു. തൃശൂർ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോണ്‍ വെച്ച്‌ ഫോണില്‍ സംസാരിച്ചതിനാണ് നടപടിയെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്. യദു ഫോണില്‍ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്‌ആർടിസി സിഎംഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചത്. ആര്യയുമായുണ്ടായ പ്രശ്‌നം തന്നോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സംസാരിച്ചിട്ടില്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യദു കെഎസ്‌ആർടിസി ആസ്ഥാനത്ത് വിവരാവകാശം വഴി തനിക്കെതിരായ നടപടിയുടെ രേഖകള്‍ തേടിയത്. എന്നാല്‍ ഇത്തരത്തില്‍ താൻ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട് ഒരു രേഖകള്‍ പോലും ചീഫ് ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അന്ന് മന്ത്രി പറഞ്ഞത് കളവായിരുന്നെന്ന് തെളിഞ്ഞെന്നും യദു പറയുന്നു. പുറത്താക്കിയതിന് കാരണം ആര്യാ രാജേന്ദ്രനും കുടുംബവും ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാല്‍ തന്നെയാണ്. താൻ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചെന്ന് പറഞ്ഞപ്പോഴേ അടുത്ത നടപടി ആലോചിച്ചിരുന്നു. അങ്ങിനെയാണ് വിവരാവകാശം നല്‍കിയതെന്നും യദു കൂട്ടിച്ചേർത്തു.
Previous Post Next Post