'കോക്രോച്ച്‌ ജനത പാര്‍ട്ടി' സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ വധഭീഷണി; എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ സ്ക്രീൻഷോട്ടുകള്‍ പുറത്തുവിട്ടു.

ഇന്ത്യൻ സോഷ്യല്‍ മീഡിയയില്‍ കടുത്ത രാഷ്ട്രീയ പരിഹാസങ്ങളിലൂടെയും മീമുകളിലൂടെയും കോളിളക്കം സൃഷ്ടിച്ച 'കോക്രോച്ച്‌ ജനത പാർട്ടി' (CJP) എന്ന പ്രശസ്ത പേജിന്റെ സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ വധഭീഷണി.ഇന്ത്യയില്‍ സി.ജെ.പിയുടെ ഔദ്യോഗിക എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ട് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ബ്ലോക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തനിക്ക് ലഭിച്ച അതീവ ഗുരുതരമായ വധഭീഷണിയുടെ സന്ദേശങ്ങള്‍ അഭിജീത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

നിലവില്‍ അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുന്ന അഭിജീതിന്, ഈ പേജ് അടിയന്തിരമായി നിർത്തിയില്ലെങ്കില്‍ അവിടെവെച്ച്‌ തന്നെ വധിക്കുമെന്നാണ് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ഭീഷണി ഉയർന്നിരിക്കുന്നത്.

അക്കൗണ്ട് പൂട്ടാൻ തയ്യാറായാല്‍ വൻ തുക പ്രതിഫലമായി നല്‍കാമെന്നും, അല്ലാത്തപക്ഷം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ വെച്ച്‌ കൊലപ്പെടുത്തുമെന്നും വ്യക്തമാക്കുന്ന ഇൻസ്റ്റാഗ്രാം, എക്സ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് അദ്ദേഹം തെളിവായി പങ്കുവെച്ചത്.

കേന്ദ്ര ഭരണകൂടത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയുള്ള ഡിജിറ്റല്‍ പ്രതിഷേധങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ഈ പേജ് വളരെ പെട്ടെന്നുതന്നെ ഇന്ത്യൻ യുവാക്കള്‍ക്കിടയില്‍ വൻ ജനപ്രീതി നേടിയിരുന്നു.
Previous Post Next Post