വിഡി സര്‍ക്കാര്‍ 'പണി' തുടങ്ങി; ഗണ്‍മാൻമാരുടെ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.


നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ.

ആദ്യത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ ടീം പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'15-12-2023ന് നവകേരള പരിപാടിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ആലപ്പുഴ എത്തിയപ്പോള്‍, റോഡരികില്‍ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിച്ച സംഭവം കേരളത്തെ നടുക്കിയ ഒന്നാണ്. സംഭവത്തില്‍ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടു. എന്നാല്‍ അന്വേഷണം നടന്നിട്ടില്ല. അതിനാല്‍ ഒരു സ്പെഷ്യല്‍ ടീം ഈ കേസ് അന്വേഷിക്കും'- വി ഡി സതീശൻ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്നു ജയിച്ച കെഎസ്‌യു നേതാവ് എ ഡി തോമസ് ഉള്‍പ്പെടെയുള്ളവർക്കാണ് അന്ന് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍കുമാർ,സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർ കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നല്‍കി കേസ് അവസാനിപ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിലാണ് വീണ്ടും പുനരന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.

Previous Post Next Post