കണ്ടെയനര്‍ ലോറി കടുത്തുരുത്തി ബൈപാസിലെ മണ്ണില്‍ കുടുങ്ങി!

കടുത്തുരുത്തി :സൈഡ്‌ ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കണ്ടെയനര്‍ ലോറി ബൈപ്പാസ്‌ റോഡിലെ മണ്ണില്‍ കുടുങ്ങി.വെള്ളിയാഴ്‌ച രാത്രിയിലാണു സംഭവം. എറണാകുളത്തു നിന്നും കോട്ടയത്തേക്കു ലോഡുമായി പോവുകയായിരുന്ന കണ്ടെയനറാണു കടുത്തുരുത്തിയിലെ പുതിയ ബൈപ്പാസ്‌ റോഡില്‍ കുരുങ്ങിയത്‌. ബൈപ്പാസ്‌ റോഡിന്റെ ടാറിങ്‌ ഉള്‍പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും വശങ്ങളിലെ കോണ്‍ക്രീറ്റ്‌ ഉള്‍പെടെയുള്ള ജോലികള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്‌.

ഏല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി ബൈപ്പാസിന്റെ ഉദ്‌ഘാടനം നടത്താനിരിക്കെയാണു നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. കടുത്തുരുത്തി ടൗണിലെ ഗതാഗത കുരുക്കിനു ശമനമാകുമല്ലോയെന്നു കരുതി താല്‍കാലികമായി ചെറുവാഹനങ്ങള്‍ പുതിയ ബൈപ്പാസിലൂടെ കടത്തി വിട്ടിരുന്നു. ക്രമേണ ഭാരവണ്ടികളും ഇതിലെ ഓടി തുടങ്ങി. വെള്ളിയാഴ്‌ച പെയ്‌ത മഴയില്‍ ബൈപ്പാസ്‌ റോഡിന്റെ വശങ്ങളിലെ മണ്ണ്‌ നനഞ്ഞു കിടന്നതോടെ കണ്ടെയ്‌നര്‍ കേറിയതോടെ ഇവിടെ കുടുങ്ങുകയായിരുന്നു. പിന്നീട്‌ ക്രെയിനെത്തിച്ചാണു കണ്ടെയനര്‍ ഉയര്‍ത്തിയെടുത്തത്‌. പണികള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ ഭാരവാഹനങ്ങള്‍ ഇതുവഴി പോകരുതെന്നു പി.ഡബ്യൂ.ഡിയുടെ മുന്നറിയിപ്പ്‌ ഉണ്ടെങ്കിലും ആരും ഇതു ശ്രദ്ധിക്കുന്നില്ല.
Previous Post Next Post