കണ്ണൂരില്‍ ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചു തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം.

ബൈക്ക്  വൈദ്യുതി തൂണില്‍ ഇടിച്ച്‌ തീ പിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇരിട്ടി പുളിയനനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീം ആണ് മരിച്ചത്.ഇരിട്ടി-മട്ടന്നൂർ റോഡിലെ ഉളിയില്‍ നരയമ്പാറയില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്.

ബംഗളൂരു ഭാഗത്ത് നിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന മുഹമ്മദ് തസ്‌ലീം സഞ്ചരിച്ച ബൈക്ക്, നരയമ്പാറ പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും തസ്‌ലീമും ഓവുചാലിലേക്ക് വീഴുകയും ഉടൻ തന്നെ വാഹനത്തിന് തീപിടിക്കുകയും ചെയ്തു. ബൈക്കിനടിയില്‍ അകപ്പെട്ടുപോയതിനാല്‍ യുവാവിന് പുറത്തേക്ക് കടന്ന് രക്ഷപ്പെടാൻ സാധിച്ചില്ല.

പൂര്‍ണമായും കത്തിയ ബൈക്കിനിടയില്‍ അകപ്പെട്ട തസ്‌ലീമിനെ നാട്ടുകാര്‍ എത്തി പുറത്തെടുക്കുമ്പോഴേക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Previous Post Next Post