സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി വേനല്‍ മഴ കനക്കുന്നു. ഇന്നും പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മഴ സാഹചര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മറ്റന്നാള്‍ (2/05/2026) ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ കടുത്ത വേനലിന് ആശ്വാസമായാണ് മഴ എത്തുന്നത്. എന്നാല്‍ ഇടിമിന്നലും കാറ്റും ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്തമഴയാണ് പലയിടത്തും ലഭിക്കുന്നത്. കഴിഞ്ഞദിവസം മഴയ്‌ക്കൊപ്പം എത്തിയ കാറ്റും ഇടിമിന്നലും പലയിടത്തും വലിയതോതില്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കി. മരങ്ങള്‍ കടപുഴകി വീടിന് മുകളിലേക്ക് വീണു. വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാറ്റില്‍ റോഡിലേക്ക് മരംവീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. വൈദ്യുതിപോസ്‌റ്റ് ഒടിഞ്ഞുവീണതോടെ വൈദ്യുതിയും തടസപ്പെട്ടു.