എസ്‌ഐആറിന് സുപ്രീംകോടതിയുടെ പച്ചക്കൊടി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (സ്പെഷല്‍ ഇന്റൻസീവ് റിവിഷൻ - എസ്‌ഐആർ) നിയമസാധുത ശരിവച്ചു സുപ്രീംകോടതി.സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ എന്ന ഭരണഘടനാ ലക്ഷ്യമാണ് എസ്‌ഐആർ മുന്നോട്ടുവയ്ക്കുന്നതെന്നും ആ പ്രക്രിയ നടത്തുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നാല് പതിറ്റാണ്ടിലേറെയായി എസ്‌ഐആർ നടക്കാതിരുന്നതിനാല്‍ കുടിയേറ്റവും നഗരവത്കരണവും മൂലം വോട്ടർപട്ടികയില്‍ ഉണ്ടായ ഇരട്ടിപ്പുകള്‍ തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എസ്‌ഐആർ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജഞാപനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഹാറിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും എസ്‌ഐആർ നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിന് അനുകൂലമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ബിഹാറിലെ എസ്‌ഐആർ നടപടിക്ക് നിയമപരവും ഭരണഘടനാപരവുമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും ഭരണപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വോട്ടർപട്ടികയില്‍ പേരുണ്ട് എന്ന കാരണം എസ്‌ഐആർ നടപടിക്ക് തടസമാകില്ല.
Previous Post Next Post