കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ജനസൗഹൃദമാക്കാന്‍ അടക്കം ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.സംസ്ഥാനത്തു പ്രവർത്തിക്കുന്ന 484 പോലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ ചെന്നിത്തല പ്രഖ്യാപിച്ചു.
പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കും
സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കും. സ്റ്റേഷനിലെത്തുന്ന ഏതൊരു വ്യക്തിയെയും കുറ്റവാളിയായല്ല, മാന്യത അര്‍ഹിക്കുന്ന പൗരന്മാരായി കാണണം. സ്റ്റേഷനില്‍ എത്തുന്നവരെ 'ഗുഡ് മോര്‍ണിംഗ്', 'നമസ്‌കാരം' പറഞ്ഞ് സ്വീകരിക്കണം. പരാതികള്‍ സമചിത്തതയോടെ കേള്‍ക്കാനും പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം, വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
സ്റ്റേഷന്‍ ചുമതലകളിലും മാറ്റമുണ്ട്. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. നേരത്തെ എസ്.ഐമാര്‍ക്ക് ഉണ്ടായിരുന്ന സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കിയത് പോലീസിംഗിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തലുണ്ട്. അതിനാല്‍, സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി എന്നിവരുടെ സാന്നിധ്യം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ എ.ഡി.ജി.പിയുടെ (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും.