കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവരുമായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളില്‍ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നു നേതാക്കള്‍ക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കുശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല.
കോണ്ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായവും ജനാഭിപ്രായവും മാനിച്ച് ജനാധിപത്യ രീതിയിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് ഉന്നത എഐസിസി നേതാവ് ദീപികയോട് പറഞ്ഞു. കേന്ദ്രനിരീക്ഷകരായ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ട്രഷറർ അജയ് മാക്കനും കേരളത്തിലെത്തി നടത്തിയ ചർച്ചകളുടെ വിശദമായ റിപ്പോർട്ട് കോണ്ഗ്രസ് അധ്യക്ഷനു കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങള്‍ സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക അടക്കമുള്ളവരുമായി ഖാർഗെയും നിരീക്ഷകരും ചർച്ച ചെയ്തു.
കേരളത്തിലെ കോണ്ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട 63 ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ ഓരോരുത്തരുടെയും അഭിപ്രായം റിപ്പോർട്ടില്‍ രേഖപ്പെടുത്തി. ഇതോടൊപ്പം എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കള്‍, ഘടകകക്ഷി നേതാക്കള്‍, എംപിമാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്. നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ജനാഭിലാഷവും ഹൈക്കമാൻഡിനെ നിരീക്ഷകർ അറിയിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്പോള്‍ ഒരുപോലെ അർഹതയും കഴിവുമുള്ള മറ്റു രണ്ടു പേർക്കും പകരം പദവികളും പരിഗണനയും നല്‍കാൻ ഹൈക്കമാൻഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നു പ്രബല നേതാക്കളും ഒരു സമുദായത്തില്‍നിന്നാണെന്നതും തലവേദനയാണ്. എങ്കിലും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി അടക്കമുള്ള സുപ്രധാന പദവികള്‍ മൂന്നുപേർക്കും നല്‍കുന്നതും പരിഗണനയിലുണ്ട്.
എഐസിസിയിലെ സുപ്രധാന പദവിയടക്കം മറ്റുചില നിർദേശങ്ങളും ഇന്നത്തെ ചർച്ചയില്‍ ഉയർന്നേക്കാം. അടുത്ത വർഷത്തെ യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഐസിസി നേതൃത്വത്തിലെ രണ്ടാമനായി ഹിന്ദി ബെല്‍റ്റില്‍നിന്നുള്ള നേതാവിനെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കുറച്ചുനാളുകളായി ഹൈക്കമാൻഡിന്റെ ആലോചനയിലുണ്ട്.