കാലവര്‍ഷം ജൂണ്‍ ഒന്നിന് കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

ന്യൂഡൽഹി :ഈ വർഷത്തെ കാലവർഷം ജൂണ്‍ ഒന്നിന് കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്‌, ജൂണ്‍ ആദ്യം തന്നെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 20ഓടെ ആൻഡമാൻ നിക്കോബാറില്‍ മണ്‍സൂണ്‍ എത്തും.

എന്നാല്‍ ചില ആഗോള കാലാവസ്ഥാ ഏജൻസികള്‍ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് പ്രവചിക്കുന്നു. നിലവില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്ന വേനല്‍മഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മണ്‍സൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നു.

അടുത്ത ഏഴ് ദിവസങ്ങളില്‍ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ മഴ തുടരും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ കേരളത്തില്‍ മഴ എത്താൻ സാധ്യതയുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോള്‍ ലഭിക്കുന്നത്.

ഓസ്ട്രേലിയയിലെ മഴക്കാലം കൃത്യമായി അവസാനിച്ചതും വേനല്‍ക്കാലം തുടങ്ങിയതും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് അനുകൂലമായി. ഓസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മഴക്കാറ്റുകളുടെ പ്രവാഹത്തിന് വഴിയൊരുക്കും. ഓസ്ട്രേലിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴക്കാലം അവസാനിച്ചതായി പ്രഖ്യാപിച്ചു
Previous Post Next Post