കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അതിന്റെ ആദ്യപടിയായി യാത്രക്കാരുടെ ലിംഗവിവരങ്ങള്‍ ശേഖരിക്കാൻ കെഎസ്‌ആർടിസി ആരംഭിച്ചിരിക്കുകയാണ്. ഇനി ബസില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ യാത്രക്കാരൻ പുരുഷനോ സ്ത്രീയോ എന്നത് കണ്ടക്ടർ പ്രത്യേകം രേഖപ്പെടുത്തും. ഇതിനായി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
സാധാരണ യാത്രക്കാർക്ക് ഇത് ഒരു ചെറിയ സാങ്കേതിക മാറ്റമായി തോന്നാമെങ്കിലും, അതിന് പിന്നില്‍ വലിയൊരു സാമ്പത്തിക കണക്കുകൂട്ടലും രാഷ്ട്രീയ നീക്കവും ഒളിഞ്ഞിരിപ്പുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ദിവസേന എത്ര സ്ത്രീകള്‍ കെഎസ്‌ആർടിസി ബസുകള്‍ ആശ്രയിക്കുന്നുവെന്ന് കൃത്യമായി അറിയണം. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് പ്രതിമാസ ചെലവ് എത്രയാകും, കെഎസ്‌ആർടിസിക്ക് അതിനെ എങ്ങനെ കൈകാര്യം ചെയ്യാനാകും തുടങ്ങിയ നിർണായക തീരുമാനങ്ങള്‍ എടുക്കേണ്ടത്.